Search

ഇലഞ്ഞി

ഇലഞ്ഞി


ഇലഞ്ഞി ഏഴിലമ്പാല തുടങ്ങിയ മരങ്ങളെക്കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. രണ്ട് മരങ്ങളുടെയും വിഷയത്തിൽ ചൂട് പിടിച്ച ചർച്ചകൾ പല മാധ്യമങ്ങളിൽ നടക്കുകയും ഞാൻ അതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് മരങ്ങളിൽ യക്ഷി കുടിയിരിക്കുന്നതായി മുൻ കാലങ്ങളിൽ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

അത് യഥാർത്ഥത്തിൽ  യക്ഷി എന്ന് പറഞ്ഞ് ഒരു ഭീകരത അന്നത്തെ കുട്ടികളുടെ ഇടയിൽ സൃഷ്ടിച്ചിട്ട് അന്നത്തെ മുതിർന്ന തലമുറ, കാരണവന്മാർ, വൈദ്യന്മാർ ഇതെക്കുറിച്ച് അറിവുള്ളവർ ഇതിനെ സംരക്ഷിക്കാൻ വേണ്ടി ശുദ്ധിയോടും വൃത്തിയോടും കൂടി കൂടുതലും ഹിന്ദു തറവാടുകളിൽ ഇത്തരം മരങ്ങൾ അവർ സംരക്ഷിച്ചു പോരുന്നത് ഇപ്പോഴും കാണാം. അതായത് അവിടെ യക്ഷിയുണ്ട് എന്ന് പ്രചരിപ്പിച്ചാൽ കുട്ടികളും സ്ത്രീകളും അങ്ങോട് പോവാതിരിക്കാനാണ് അത് ചെയ്തത്. ഇവർക്ക് ഏത് സമയത്തും ഇതരർ കാണാതെ ചില ഔഷധങ്ങൾ ശേഖരിക്കുന്ന രീതിയൊക്കെ വൈദ്യന്മാരിൽ ഉണ്ട്. ഇതിന്റെ ഇലയോ തൊലിയോ പൂവോ വേരോ മറ്റ് എല്ലാഭാഗവും ഔഷധത്തിനെടുക്കുന്നതാണ്. സ്ഥലം കൂടുതൽ അപഹരിക്കുന്ന വൃക്ഷമാണ് എന്നത് വസ്തുതയാണ്. പക്ഷെ ഓരോ ഭാഗത്തിനു പ്രത്യേകം വിലയുള്ളതാണ് എന്നത് ആർക്കും അറിയില്ല. ഇലഞ്ഞിപ്പൂ മാലക്ക് വാടുന്തോറും സുഗന്ധം കൂടിക്കൂടി വരും. അതിനു നല്ല വിലയുണ്ട്. ഒരു ഇലഞ്ഞിമരത്തിൽ നിന്ന് തന്നെ പൂ വിറ്റ് മാത്രം ജീവിക്കുന്ന കുടുംബങ്ങൾ വരെയുണ്ട്.
അത്രയും ഗുണമുള്ള ഇലഞ്ഞി ഈ അന്ധവിശ്വാസം കാരണം ഉള്ളതിനെ വെട്ടിക്കളഞ്ഞ്കൊണ്ടിരിക്കുന്നു. നമ്മുടെ യുക്തിക്കനുസരിച്ച് വീടിന്റെ ഏത് ഭാഗത്ത് വേണമെങ്കിൽ ഇലഞ്ഞി നടാം. അതിന് മറ്റ് ശാസ്ത്രമൊന്നുമില്ല. പിന്നെ ഇലഞ്ഞി വൻ മരമാവാതെ വളർത്താനുള്ള വിദ്യയും ഉണ്ട്. ഞാൻ തന്നെ ചെയ്യാറും ചെയ്തുകൊടുക്കാറുമുണ്ട്.താല്പര്യമുള്ളവർക്ക്. ഏത് വൻ മരത്തെയും ചെറു മരമായിട്ടോ ചട്ടിയിൽ പോലും മട്ടുപ്പാവിൽ വരെ വളർത്താൻ സാധിക്കും.ഉഷ്ണം സഹിക്കാത്ത സമയത്ത് ഇത് നല്ല തണൽ നൽകുന്ന മരമാണ്. അനേക ശാഖോപശാഖകളുണ്ട്.

ഈ കുരുവിൽ നിന്ന് ഉണ്ടാക്കുന്ന തൈലം ചായം നിർമ്മിക്കാൻ ഉപയോഗിക്കാം.

ഇലഞ്ഞിയുടെ വേര് വിനാഗിരിയിൽ അരച്ച് കുഴമ്പ് തേച്ചാൽ മുഖത്തുണ്ടാവുന്ന വീക്കം ശമിക്കും. ഇലഞ്ഞിപ്പൂവിട്ട് കാച്ചിയ പാൽ അതിസാരത്തിനു സേവിക്കാൻ നല്ലതാണ്. ഇലഞ്ഞിയുടെ വിത്ത് കരിച്ച് പൊടിച്ച് പല്ല് തേക്കാൻ നല്ലതാണ്. ഇലഞ്ഞിയുടെ വിത്ത് എലിവിഷത്തിനു  മനുഷ്യ മൂത്രത്തിൽ അരച്ച് സേവിക്കുകയും ലേപിക്കുകയും ചെയ്താൽ ഗുണമുണ്ടാകും. ഇലഞ്ഞിപ്പൂവ് തലേന്ന് വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞ് മൂക്കിൽ നസ്യം ചെയ്താൽ തലവേദന ശമിക്കും.
ഇലഞ്ഞിയുടെ പച്ചക്കായ വായിലിട്ട് ചവച്ചാൽ ഇളകിയ പല്ലുകൾളുറക്കും.
തലയിലുണ്ടാകുന്ന പുണ്ണുകൾക്ക് എണ്ണ കാച്ചാനുള്ള വിധി പറയാം. ഇലഞ്ഞി ഇല പർപ്പടക പുല്ല്, നീലേമരി ഇല, കരിനൊച്ചി ഇല, കയ്യൂന്യം, ഉമ്മത്തില, കറുക, മഞ്ഞൾ, കറ്റാർ വാഴപ്പോള ഇവയുടെ നീറ്റിൽ നാല്പാമരത്തൊലി ഇരട്ടി മധുരം ഇവ കൽക്കനരച്ച് എണ്ണ കാച്ചി തേച്ചാൽ തലയിലുണ്ടാവുന്ന പുണ്ണുകളെല്ലാം മാറുന്നതാണ്.

 

ഇലഞ്ഞിയുടെ കായ ഇല പൂവ് തൊലി എന്നിവ ഉപയോഗിച്ച് ദന്ത ചൂർണ്ണങ്ങളുണ്ടാക്കും.ഇലഞ്ഞിയുടെ കായ ഇല്ലാത്തപ്പോഴാണ് പല്ലിളകുന്നത് എങ്കിൽ ഇലഞ്ഞിയുടെ തൊലി ചവച്ചാലും പല്ല് ഉറക്കും.

ഇലഞ്ഞിപ്പൂവ് ജഡാമാഞ്ചി കൊട്ടം എന്നിവ സമം പൊടിച്ച് വായിലിട്ടാൽ വായ്നാറ്റം മാറും.

5 ഗ്രാം ഇലഞ്ഞിത്തൊലി നാടൻ പശുവിൻ പാലിലോ ആട്ടിലോ അരച്ച് സേവിച്ചാൽ പനി ഏതും ശമനം വരും. ഇതിന്റെ തൊലിക്കശായം കവിൾ കൊള്ളുകയാണെങ്കിൽ (കുൽകുഴിയുക)‌ വായ് പുണ്ണ് മാറുന്നതാണ്. ഇലഞ്ഞി കുരു ചുക്ക് കുരുമുളക് എന്നിവ വെറ്റില നീറ്റിൽ അരച്ച് കണ്ണെഴുതിയാൽ മണ്ഡലി വിശാപഹരമാണ്. പഴക്കാമ്പ് അർശസ്കാർക്ക് കഴിക്കാൻ നല്ലതാണ്.

കടപ്പാട് PAIKADA THOMAS VAIDYAR

 

( ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം നിസാരമായികാണുന്ന പല ഔഷദസസ്യങ്ങളും ഉപയോഗിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷകരമായിയും മറ്റും തീരാറുണ്ട് കാരണം ഉപയോഗിക്കേണ്ടുന്ന രീതി, അളവ്, ആളുടെ ശരീരപ്രകൃതി  മറ്റും ആശ്രയിച്ചിട്ടായിരിക്കണം ഉപയോഗിക്കേണ്ടത് ആയതുകൊണ്ട് എന്തും സ്വയം ചികിത്സിക്കുന്നതിനുമുംബ് അടുത്തുള്ള ഏതെങ്കിലും വൈദ്യന്മാരുടെ നിർദേശനുസരണത്തിനുശേഷം മാത്രം ഉപയോഗിക്കുക )

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL