Search

ഭഗന്ദരം(fistula)

ഭഗന്ദരം(Fistula) – രോഗവും ചികിത്സയും.
-------------------------------------------------------------

“വാതവ്യാധിയശ്മരീകുഷ്ടമേഹോദരഭഗന്ദര” ഇതിൽ ഭഗന്ദരം എട്ട് മഹാരോഗങ്ങളിൽ ഒന്നാണ്. നമുക്ക് ഇന്ന് ഭഗന്ദരരോഗവും ചികിത്സയും എന്നതിനെപ്പറ്റി ഒരു ചെറുവിവരണമാകാം.

ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രം ഭഗന്ദരത്തെ കാണുന്നത് മഹാരോഗങ്ങളിൽ ഒന്നായിട്ടാണ്. തൃദോഷകോപങ്ങളാലാണ് മനുഷ്യന് രോഗങ്ങളുണ്ടാകുന്നത്. എന്നാൽ ജന്മാന്തരപാപങ്ങൾ മൂലം വന്നനുഭവിക്കുന്നതാണ് മഹാരോഗങ്ങൾ. ഇവയ്ക്ക് ചികിത്സകൊണ്ടുമാത്രം ചിലപ്പോൾ ശമനമുണ്ടായില്ലെന്നുവരാം. അത്തരം സന്ദർഭങ്ങളിൽ പ്രായശ്ചിത്തങ്ങളും ചെയ്യണം.

ഗുരുസ്ഥാനീയരായവരുടെ കളത്ര-പുത്രീ ഗമനം, വൃദ്ധരോഗസ്ത്രീസംഗമം, സഹോദരീ-മാതൃസംഗമം തുടങ്ങിയ മഹാപാപപ്രവൃത്തികൾ ചെയ്തവർ പുനർജന്മത്തിൽ ഭഗന്ദരരോഗികളായിത്തീരുന്നുവെന്ന് പത്മപുരാണത്തിൽ പറയുന്നുണ്ട്. ജ്യോതിശാസ്ത്രത്തിൽ കർക്കിടകത്തിൽ സൂര്യൻ നിൽക്കുമ്പോഴും കർക്കിടകത്തിൽ നിൽക്കുന്ന ചൊവ്വയുടെ ദൃഷ്ടി ശനിയിൽ പതിക്കുകയും ചെയ്താൽ ആ ജാതകന് ഭഗന്ദരരോഗം ഫലമാകുന്നുവെന്ന് പറയപ്പെടുന്നു.

പാപകർമ്മങ്ങളുടെ പരിഹാരത്തിന് അനേകം പ്രായശ്ചിത്തങ്ങൾ ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. തീർത്ഥസ്നാനം, പുണ്യാഹം, പ്രാർത്ഥന, സപ്താഹം, പഞ്ചഗവ്യം, ദാനം, ഹോമം, നമസ്ക്കാരം എന്നിങ്ങനെ പോകുന്നു അവ.

“തപ പരം കൃത യുഗേ ക്രേതായം ജ്ഞാനമുച്ചതേ ദ്വാപരേ യജ്ഞമേ യാഹു ദാനോമേവ കലൗയുഗേ” എന്ന ആചാര്യവചനമനുസരിച്ച് ഈ കലിയുഗത്തിൽ ദാനം തന്നെയാണ് ഉത്തമം. പ്രായശ്ചിത്തങ്ങളിൽ ഭഗന്ദരരോഗത്തിന് വിധിച്ചിട്ടുള്ളത് സൂര്യപ്രീതികരമായ ജപ-ഹോമാദികളാണ്.

ജടാമാഞ്ചി, ആറ്റുവഞ്ചി, ഇരട്ടിമധുരം, കുങ്കുമപ്പൂവ്, തേൻ, രാമച്ചം, പുഷ്കരമൂലം, ഏലത്തരി, മനയോല തുടങ്ങിയ ഔഷധങ്ങൾക്കൊപ്പം ദേവതാരം, പതിമുകം, പിച്ചകം തുടങ്ങിയവ യുക്തിയ്ക്കനുസരിച്ച് തിരഞ്ഞെടുത്തവയാൽ കഷായം, സ്നാനം, വസ്തി എന്നിവ പരിഹാരക്രിയകളായി ചെയ്യാവുന്നതാണ്.

അജീർണ്ണം, അഗ്നിമാന്ദ്യം, ഗുന്മം, ഉദാവർത്തം, ആനാഹം, മഹോദരം, അർശ്ശസ്സ്, കുഷ്ടം വിസർപ്പം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഭഗന്ദരം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയധികമാണ്. സ്ഥായിയായ മലബന്ധസ്വഭാവമുള്ളവർ, അൾസർ ഉള്ളവർ, കേൻസർ രോഗം ബാധിച്ചവർ, അതികാമികൾ, അലസന്മാർ, അസാന്മാർഗ്ഗികൾ, ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നവർ , ഉറക്കമില്ലാത്തവർ, വാഹനങ്ങളിൽ സ്ഥിരമായി സഞ്ചരിക്കുന്നവർ, കുതിര-ആന-ഒട്ടകം മുതലായ മൃഗങ്ങളിൽ യാത്രചെയ്യുന്നവർ , കൂടുതൽ മാംസം ഭക്ഷിക്കുന്നവർ , മഹാപാപികൾ എന്നിവർക്കൊക്കെ ഭഗന്ദരം ഉണ്ടാകുമെന്ന് അഷ്ടാംഗഹൃദയം പറയുന്നുണ്ട്.

ഈ ഭഗന്ദരം എന്താണെന്ന് നമുക്ക് നോക്കാം. മലദ്വാരത്തിനു ചുറ്റുമോ ഏതെങ്കിലും ഒരു ഭാഗത്തോ, പുറത്തോ അകത്തോ തക്കാളിപ്പഴം പോലെ ചുകന്ന് തടിച്ച് വീർത്ത് പഴുത്ത് വളരെ വേദനയോടെ ചലമോ രക്തമോ വെള്ളമോ എല്ലാം കൂടിയോ സ്രവിക്കുന്ന ഒരു മഹാരോഗമാണ് ഭഗന്ദരം. പിത്തജം, കഫജം, വാതജം, വാതപിത്തജം, വാതകഫജം, പിത്തകഫജം, തൃദോഷജം, സന്നിപാതജം എന്നിങ്ങനെ ഭഗന്ദരം എട്ടു വിധമെന്ന് വാഗ്ഭടാചാര്യൻ വിവരിക്കുന്നുണ്ട്. ഇതുകൂടാതെ ബാഹ്യജം, ക്ഷതജം എന്നിങ്ങനെ രണ്ടു വക കൂടിയുണ്ടെന്നാണ് അഗ്നിവേശസംഹിതയിൽ പറയുന്നത്.
എന്നാൽ മാധവനിദാനത്തിൽ തൃദോഷജം, വാതജം, കഫജം, പിത്തജം, സന്നിപാതജം, ആകന്തുകം എന്ന് അഞ്ചുവിധമായി ഭഗന്ദരങ്ങളെ തരം തിരിച്ചിരിക്കുന്നു. എല്ലാ ഭഗന്ദരങ്ങളും ശുഷ്ക്കമെന്നും സ്രാവമെന്നും രണ്ടായി പൊതുവിൽ തരം തിരിച്ചിരിക്കുന്നു. സുശ്രുതൻ, ശതപോവനകം, പുഷ്ടഗ്രീവം, പരിസ്രാവി, പരിക്ഷേപി, ഋജ്ജു, ശംഭൂകാവർത്തം എന്നിങ്ങനെ ഭഗന്ദരങ്ങൾക്ക് പേരും നൽകിയിട്ടുണ്ട്. ഇവയിൽ ഉഷ്ടഗ്രവം, പരിക്ഷേപി എന്നിവയിൽ ശസ്ത്രക്രിയയോ ക്ഷാരപ്രയോഗമോ ആവാമെന്ന് സമ്മതിക്കുന്നുണ്ട്. മറ്റുള്ളവയിൽ അന്തർ പരിമാർജ്ജനം, ബഹിർ പരിമാർജ്ജനം എന്നീ വിധിപ്രകാരമുള്ള ചികിത്സയിലൂടെ ശമിപ്പിക്കാം എന്നും ആചാര്യന്മാർ നിർദ്ദേശിക്കുന്നു.

ഇതിനു കാരണമുണ്ട്. രക്തം, വസ്തി, മേദസ്സ്, മാംസം എന്നിവയെ ആശ്രയിച്ചാണ് ഭഗന്ദരരോഗം ഉണ്ടാകുന്നത്. മാത്രമല്ല, മലദ്വാരത്തിനു സമീപമുള്ള പ്രവാഹിനി എന്ന വരിയിലും സീമനി എന്ന ഞരമ്പിലും വ്യാപിച്ച ഭഗന്ദരം ചികിത്സിക്കാതെ ഉപേക്ഷിക്കണമെന്നാണ് ആചാര്യമതം. കൂടിയും കുറഞ്ഞുമിരിക്കയും വായു, മൂത്രം, മലം, കൃമി എന്നിവ സദാ സ്രവിച്ചുകൊണ്ടിരിക്കയും ചെയ്യുന്നതാണ് ഇത്തരം രോഗങ്ങളുടെ ലക്ഷണം.

മർമ്മസ്ഥാനങ്ങളിലുള്ള ഈ അവസ്ഥ അസാദ്ധ്യമാണെന്ന് സാരം. ക്ഷാരം വെയ്ക്കൽ, ക്ഷാരസൂത്രപ്രയോഗം എന്നിവയിലൂടെ ഭഗന്ദരം ശമിപ്പിക്കാമെന്ന് ഇപ്പോൾ ആയുർവ്വേദകോളേജുകളിലേയും സർജന്മാർ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നുണ്ട്. ക്ഷാരസൂത്രപ്രയോഗം തങ്ങളുടെ കണ്ടുപിടുത്തമാണെന്നും ഇവർ പറഞ്ഞുനടക്കുന്നുണ്ട്. എന്നാൽ അശാസ്ത്രീയമായ ക്ഷാരസൂത്രപ്രയോഗത്തിലൂടെ രോഗിക്ക് ജീവൻ നഷ്ടപ്പെട്ട പല സന്ദർഭങ്ങളും ഇവർ മറച്ചുവെയ്ക്കുകയും ചെയ്യുന്നുണ്ട്. തീരെ നിവൃത്തിയില്ലെങ്കിൽ അവസാനത്തെ പ്രയോഗം എന്ന നിലയിൽ മാത്രം ക്ഷാരസൂത്രം പ്രയോഗിക്കാമെന്ന് തീരുമാനിക്കുന്നതാണ് ഉത്തമം. എന്തെന്നാൽ ആന്ത്രത്തെ ആശ്രയിച്ച് അഞ്ചരവിരൽ പ്രമാണത്തിൽ സ്ഥിതിചെയ്യുന്ന ഗുദവും അതിന്റെ പ്രവാഹിനീ വിസർജ്ജിനീ സംഭരണീ എന്നീ മൂന്ന് വലികളും ജീവനി മുതലായ ഞരമ്പുകളും അത്യന്തം മർമ്മപ്രധാനങ്ങളായ പ്രദേശങ്ങളാണ്. ഈ ഭാഗങ്ങളിലുണ്ടാകുന്ന ക്ഷതം ഭാവിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയേറെയാണ്. ആയുർവ്വേദവിദ്യാഭാസത്തിന്റെ ഇപ്പോഴത്തെ സിലബസ്സിലുൾപ്പെടുത്തിയിട്ടുള്ള സർജ്ജറിയിലെ ചെറിയ പരിചയം മാത്രം കൈമുതലാക്കിയുള്ളവർ മുൻ പിൻ നോക്കാതെ പ്രശസ്തിക്ക് വേണ്ടി സർജറി നടത്തുകയും ക്ഷാരസൂത്രം പ്രയോഗിക്കുകയും ചെയ്ത് കുളമാക്കിയ പല കേസുകളും ഇപ്പോൾ നിലവിൽ ഉണ്ട്. എന്നാൽ പരമ്പരാഗതമായി അറിവും ജ്ഞാനവും ഉള്ളവരുടെ മേൽനോട്ടത്തിൽ ക്ഷാരഫലം സദ്യഫലം തന്നെ നൽകിയിട്ടുണ്ട്. ആകയാൽ കഷായ തൈലപ്രയോഗങ്ങളിലൂടെയുള്ള രോഗശമനമാണ് അപകടരഹിതമായത് എന്നു തന്നെയാണ് എന്റെ അനുഭവം. ഇനി ആ വിഷയത്തെപ്പറ്റി വിവരിക്കാം.

ഭഗന്ദരരോഗിക്ക് ഒരിക്കലും മലബന്ധമുണ്ടാകാതെ ശ്രദ്ധിക്കണം. മാത്രമല്ല, ചികിത്സിക്കുന്നതിനുമുമ്പ് വിരേചനം ചെയ്യുന്നത് വളരെ നല്ലതാണ്. ലഹരിപദാർത്ഥങ്ങൾ, എരിവ് തുടങ്ങിയവ ഉപേക്ഷിക്കണം. വ്യക്തിശുചിത്വം കർശനമായി പാലിക്കേണ്ടതുണ്ട്. പത്ഥ്യനിഷ്ടയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയ ശേഷം സമ്മതമുണ്ടെങ്കിൽ സമ്മതപത്രം ഒപ്പിട്ടുവാങ്ങി ഭഗന്ദരരോഗിയെ ചികിത്സിക്കാം. ആർഗ്വദാദി കഷായം, നാൽപ്പാമരാദി കഷായം എന്നിവയിലുള്ള അവഗാഹനം പ്രാഥമികചികിത്സയിൽ അത്യുത്തമമാണ്. ഇതേത് രോഗാവസ്ഥയിലും ചെയ്യാവുന്നതാണ്. വിധിപ്രകാരം ഏഴു ദിവസം മുതൽ പതിനാലുദിവസം വരെ അവഗാഹനം നടത്തിയാൽ തന്നെ രോഗത്തിനു തീവ്രത പകുതി കുറയും. ചിരുവില്യാദി, കങ്കേളിയാദി തുടങ്ങിയ കഷായങ്ങൾ, കാളശാഖാദി ഘൃതം, ചൂരണാദി ഘൃതം, ദുരാലഭാരിഷ്ടം, അഭയാരിഷ്ടം , കാങ്കായനവടിക തുടങ്ങിയ ഔഷധങ്ങൾ യുക്തിപൂർവ്വം അകത്തേക്ക് പ്രയോഗിക്കുന്നത് പ്രയോജനം ചെയ്യും. വർദ്ധമാനവിപലീ പ്രയോഗം നല്ലതാണ്.

ഇനി ചില പ്രത്യേക യോഗങ്ങൾ പാരമ്പര്യ നാട്ടുവൈദ്യവിധി പ്രകാരം ഭഗന്ദരചികിത്സയ്ക്കുള്ളത് പറയാം. വിഴാലരി തൃഫല തിപ്പലി കുറുമുളക് എന്നിവ സമം പൊടിച്ച് നല്ലെണ്ണയും തേനും ചേർത്ത് സേവിക്കുന്നത് ഏതാണ്ട് എല്ലാ തരം ഭഗന്ദരങ്ങൾക്കും ഉത്തമമായി കണ്ടിട്ടുണ്ട്. നാൽപ്പാമരാദി, പഞ്ചവൽക്കാദി, മധുകാദി തുടങ്ങിയ തൈലങ്ങളും പ്രയോഗിക്കാം. യോഗരത്നപ്രതീപികയിലും വലിയ മഞ്ജരിയിലും വിവരിക്കുന്ന ജ്യോതിഷ്മതീതൈലം പുറമേ പുരട്ടി പോട്ടീസ് വെച്ചാൽ എല്ലാതരം ഭഗന്ദരങ്ങളും ശമിക്കുന്നതായി കണ്ടിട്ടുണ്ട്. ഞാൻ ആ യോഗം ഒന്ന് വിവരിക്കാം.

“ജ്യോതിഷ്മതീ മലയും ലാംഗുലി ശേരുപാഠാ കുംഭാഗ്നി സർജ കരവീര വചാസർഗ്ഗ അഭ്യജ്ഞാനായ വിവതേക ഭഗന്ദരാണാം തൈലം വതന്തി മുനയോ ഹിതമേ തദോഷാം”
ഇതാണാ യോഗം.

ചുവന്നുള്ളി, ജീരകം, കരിഞ്ചീരകം, കുരുമുളക് എന്നിവകൾ നൂറ്റിയഞ്ച് ഗ്രാം, ചുക്ക്, തിപ്പലി ഇവ നൂറ്റി എഴുപത്തഞ്ച് ഗ്രാം എന്നിങ്ങനെയെടുത്ത് നന്നായി പൊടിച്ചെടുത്തതിനോടൊപ്പം ചുവന്ന കൊടുവേലികിഴങ്ങ് ഒരു ചെറുനാരങ്ങാവലിപ്പത്തിൽ അരച്ചുരുട്ടിയെടുത്തതും കൂട്ടി 2800 ഗ്രാം ശുദ്ധമായ എള്ളെണ്ണയിൽ കലക്കിക്കാച്ചി മെഴുകുപാകത്തിൽ അരിച്ചെടുത്ത തൈലം പത്തു ഗ്രാം വീതം കാലത്തും രാത്രിയും ഉള്ളിൽ കഴിക്കുന്നത് ഭഗന്ദരരോഗികൾക്ക് ഹിതകരമാണ്. ഈ സമയത്ത് നല്ല നാടൻ പശുവിൻ മോര് ധാരാളമായി കഴിക്കണം. സിദ്ധവൈദ്യവിധിപ്രകാരം തയ്യാറാക്കിയ ബൃഹത്സൂരണാദിലേഹ്യവും മൂലനിവാരിണീവടകവും നല്ലതാണ്. നാട്ടുചേന, കാട്ടുചേന, വൻ കടലാടി വേര്, വെള്ളെരിക്കിൻ വേര് എന്നിവ സമം ഉണക്കി പൊടിച്ച ചൂർണ്ണം മൂന്നു ഗ്രാം വീതം തേനിൽ സേവിക്കുന്നതും മോരുകൂട്ടി ഉണ്ണുന്നതും ഭഗന്ദരം ശമിപ്പിക്കാൻ സഹായിക്കും.

ഇനി ചില ഒറ്റമൂലികൾ കൂടി പറയാം. കറ്റാർവാഴ പിളർന്ന് ആവണക്കെണ്ണ പുരട്ടി ഏഴുദിവസം വെച്ചുകെട്ടിയാൽ ഭഗന്ദരത്തിന് ആശ്വാസമാണ്. നൂറുവർഷമെങ്കിലും പഴക്കമുള്ള ആര്യവേപ്പിന്റെ തൊലിയും ഇന്ദുപ്പും പച്ചമഞ്ഞളും സമം തേനിൽ അരച്ചുപൂശുന്നത് ഭഗന്ദരത്തിനു നല്ലതാണ്. അടയ്ക്കാമണിയൻ വേര്, പുളിയാറില വേര്, തവിഴാമ, പാടക്കിഴങ്ങ്, കൊടിത്തൂവ, എരിക്കിൻ വേര്, കഞ്ഞിക്കൂർക്കവേര് എന്നിവകൾ സമം മോരിൽ പുഴുങ്ങി അരച്ച് നല്ല വെണ്ണ പരുവത്തിലാക്കി കലക്കി തിളപ്പിച്ച് മുക്കുടിയാക്കി കഴിക്കുന്നത് ഭഗന്ദരത്തിനു നല്ലതാണ്. കൊന്നത്തൊലിയും കുടകപ്പാലവേരിന്മേൽ തൊലിയും പച്ചമഞ്ഞളും സമം കഷായം വെച്ച് ഇന്തുപ്പ് മേമ്പൊടിയാക്കി സേവിച്ചാലും ഭഗന്ദരം ശമിക്കുന്നതാണ്. അറിയാവുന്നതും പ്രയോഗിച്ച് ഫലം കണ്ടിട്ടുള്ളതുമായ ചില യോഗങ്ങളാണ് വിവരിച്ചത്. ബുദ്ധിമാനായ ചികിത്സകൻ യുക്തിപൂർവ്വം പ്രയോഗിച്ചാൽ ഫലം ഉത്തമമാകും; ഇശ്വരാനുഗ്രഹം ഉണ്ടെങ്കിൽ.
ഇനി മറ്റുചില കാര്യങ്ങൾ കൂടി പറയാം. ഞായറാഴ്ച്ച വ്രതം നോറ്റ് അർക്കമന്ത്രം ജപിക്കുന്നതും സർവ്വരോഗസംഹാരകമായ ലളിതാ-വിഷ്ണു സഹസ്രനാമങ്ങൾ പരായണം ചെയ്യുന്നതും ശതരുദ്രീയം, രുദ്രസൂക്തം മുതലായവ ജപിക്കുന്നതും മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും അന്നദാനം, വസ്ത്രദാനം, ധനദ്രവ്യദാനാദികൾ എന്നിവ നടത്തുന്നതും ഈശ്വരാധീനം കൈവരിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നുണ്ട്. മഹാരോഗങ്ങളിലൊന്നാകയാൽ പാപമുക്തിയ്ക്കായി ഇതെല്ലാം നല്ലതുതന്നെയെന്ന് വിശ്വാസികൾ വിധിക്കുന്നുമുണ്ട്. ഇതൊക്കെ പൗരാണികമായിട്ട് ആചാര്യന്മാർ പറഞ്ഞുതന്നിട്ടുള്ളതാണ്. പരമ്പരാഗതമായിട്ട് പൂർവ്വീകഗുരുക്കന്മാരും പിതാക്കന്മാരും ഉപദേശിച്ചുതന്നിട്ടുള്ളതുമായ പ്രയോഗങ്ങളാണിതിൽ വിവരിച്ചത്.
ഈ വിവരിച്ച പ്രയോഗങ്ങൾ അറിവിനുവേണ്ടി മാത്രമാണ്. ആരും ചാടിക്കയറി ഇത് പ്രയോഗിക്കാൻ ശ്രമിക്കരുത്. അങ്ങനെ പ്രയോഗിച്ചാൽ അതിന്റെ യാതൊരുവിധ ഉത്തരവാദിത്തവും എനിക്കില്ല. കാരണം ഇത് സാമാന്യജ്ഞാനത്തിനുവേണ്ടി വൈദ്യന്മാർക്കും വൈദ്യന്മാരല്ലാത്തവർക്കും എല്ലാവർക്കും അറിയുന്നതിനുവേണ്ടി ഇട്ടിട്ടുള്ള ഒരു പോസ്റ്റാണ്. ചികിത്സയല്ല. ചികിത്സിക്കുന്നതിനുമുമ്പ് ഏതെങ്കിലും ഒരു വൈദ്യന്റെ സമീപത്തുപോയി രോഗാവസ്ഥ മനസ്സിലാക്കി അദ്ദേഹത്തിനെക്കൊണ്ട് പരിശോധിപ്പിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ തുടരണം

മാന്നാർ. ജി. രാധാകൃഷ്ണൻ വൈദ്യർ.

വൈദ്യശാല & വനിതാ വൈദ്യശാല വാട്സപ്പ് ഗ്രൂപ്പ്‌ നമ്പര്‍ :+971554485169

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL