Search

കീഴാര്‍നെല്ലി - Keezharnelly

കീഴാര്‍നെല്ലി - Keezharnelly

 

വര്‍ഷകാലത്തും നനവുള്ള സീസണിലും തൊടിയിലും വരമ്പത്തും പാതയോരങ്ങളിലും വളരുന്ന ഒരു വിശേഷ ഔഷധ സസ്യമാണ് കീഴാര്‍നെല്ലി മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ വലിയ പ്രസിദ്ധി

നേടിയ സസ്യവുമാണ് ഇത്. പക്ഷേ മഞ്ഞപ്പിത്തത്തിനു മാത്രമല്ല, മറ്റു പല രോഗങ്ങളിലും സിദ്ധൌഷധമാണ് ഇത്. 

 

യൂഫോര്‍ബിയേസ്യേ  എന്ന സസ്യകുടുംബത്തില്‍ പെട്ട ഒരു അംഗമാണ്. ശാസ്ത്രീയ നാമം Phyllanthus niruri ചെറു ശാഖകളോട് കൂടിയതും ഇളം തണ്ടോടുകൂടിയും കാണപ്പെടുന്ന ഒരു ഔഷധമാണിത്. ഇലകള്‍ സന്മുഖപ്ത്രങ്ങള്‍, ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.പൂക്കളില്‍  ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത് അനിയന്ത്രിതമായ കളനാശനപ്രയോഗം മൂലം ഈ ചെടിയും വംശനാശ ഭീഷണിയിലാണ്.. 

 

ഔഷധപ്രയോഗങ്ങള്‍-

 

1. മഞ്ഞപ്പിത്തം  (രോഗനിര്‍ണ്ണയം നടത്തിയതിനുശേഷം മാത്രം ഒറ്റമൂലിപ്രയോഗത്തിനു തുനിയുക, ഇപ്പോള്‍ കാണുന്ന പല മാരകരോഗങ്ങളുടെയും (ഡെങ്കി, എലിപ്പനി മുതലായവ) ലക്ഷണം ചിലയവസരത്തില്‍ മഞ്ഞപ്പിത്തമാകയാല്‍ രോഗനിര്‍ണ്ണയം നടത്താതെയുള്ള ചികിത്സ മരണ കാരണമായേക്കാം.)

കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി അരച്ച് പാലില്‍ ചേര്‍ത്തു രോഗം കുറയുന്നതുവരെ കഴിക്കുക. കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുകയുമാവാം. 

 

 2. മൂത്രാശയരോഗങ്ങളില്‍ (യുറിനറി ഇന്‍ഫക്ഷന്‍, മൂത്രതടസം മുതലായവ) കീഴാര്‍നെല്ലി കരിക്കിന്‍ വെള്ളത്തില്‍ കലക്കി 5 ദിവസം കൊടുക്കുക. 

 

3. ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.  

 

4. കീഴാര്‍നെല്ലി കല്‍കമായി എണ്ണകാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും.ചെടിനീര്‍ തലയില്‍ തേച്ചു മസാജ് ചെയ്താലും മുടികൊഴിച്ചില്‍ കുറയും. 

 

5. ഇലനീര്‍ പുളിച്ചമോരില്‍ കുഴച്ച് തേച്ചാല്‍ അലര്‍ജി ചൊറിച്ചില്‍ മാറിക്കിട്ടും. 

 

6. കീഴാര്‍നെല്ലി സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും

 

7. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. 

 

8. രക്തസമ്മര്‍ദ്ദരോഗത്തിന് (ബി.പി) ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. 

 

9. കീഴാര്‍നെല്ലിയും ചെത്തിപ്പുവും സമം മുലപ്പാലിലരച്ച് അരിച്ചെടുത്ത് ചെങ്കണ്ണുരോഗത്തിന് കണ്ണിലൊഴിക്കും. 

 

10. ഇത് സമൂലമരച്ച് വെള്ളത്തില്‍ കലക്കി വായില്‍ കവിള്‍ കൊള്ളിയാല്‍ വായപ്പുണ്ണ് മാറിക്കിട്ടും. 

 

രോഗം വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ വാതരോഗികള്‍ ഇത് തുടര്‍ച്ചായയി കഴിക്കരുത്. 

 

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

കടപ്പാട്

Dr. Ebey Abraham MD (Ay)

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL