Search

തലമുടിക്ക് വിശേഷപെട്ട എണ്ണ

ശിരോരോഗങ്ങൾ വരാതിരിക്കാനും തലമുടി സമൃദ്ധമാകാനും സഹായകമായ വിശേഷപ്പെട്ട എണ്ണ തയ്യാറാക്കുന്ന രീതി.

 

കയ്യോന്നി, പുവാംകുറുന്നില, ബ്രഹ്മി, കറിവേപ്പില, ആര്യവേപ്പില, മൈലാഞ്ചി, നീല അമരി (അല്ലെങ്കിൽ നിലനാരകം), മുയൽചെവിയൻ, അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിപ്പൂവ് ഇവയെല്ലാം സമാസമം എടുത്ത് ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് പരമാവിധി എടുക്കുക. കിട്ടുന്ന നീരിന്റെ പകുതി അളവ് വെളിച്ചെണ്ണ ചേർക്കുക. ( തേങ്ങാപാൽ കാച്ചിയെടുത്ത് കിട്ടുന്ന  ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്). കച്ചോലവും കരിഞ്ചീരകവും കൽക്കമാക്കി ചേർത്ത് ഇത് വളരെ കുറഞ്ഞ തീയിൽ അടുപ്പത്ത് വെച്ച് കാച്ചുക.

ആരംഭത്തിൽ പതഞ്ഞുകൊണ്ടിരിക്കും. അതു മാറി കൽക്കം മണൽ പാകമായാൽ  എണ്ണ തയ്യാറായി എന്ന് കണക്കാക്കാംഎണ്ണയുടെ മൂപ്പ് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം എണ്ണ അടുപ്പത്ത് കയറ്റുന്നതിനൊപ്പം അതിൽ നാലഞ്ച് കുരുമുളക് ഇട്ടുവെക്കുക എന്നതാണ്. എണ്ണ മൂത്ത് വെള്ളം വറ്റി കൽക്കം മണൽ പാകമാകുന്നതോടെ കുരുമുളക് പൊട്ടിത്തെറിക്കും. അല്ലെങ്കിൽ വെറ്റില കീറി ഒരു കഷണം എണ്ണയിലിട്ടാൽ അത് പൊട്ടുന്നുണ്ടെങ്കിലും മൂപ്പ് പാകമായി എന്ന് ഉറപ്പിക്കാം.  മൂപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്നത് എണ്ണയുടെ ഗുണത്തെ ബാധിക്കും.

ഘട്ടത്തിൽ അടുപ്പത്ത് നിന്ന് ഇറക്കി ആറാൻ വെക്കുക. പിന്നീട് അരിച്ച് ജലാംശമില്ലാത്ത ചില്ലുകുപ്പിയിൽ സൂക്ഷിക്കാം. മൂന്നു ദിവസം വെച്ചിരുന്ന ശേഷമാണ് ഉപയോഗിച്ചുതുടങ്ങേണ്ടത്.

 

ധാരാളം മരുന്നുകൾ ചേരുന്ന എണ്ണയായതിനാൽ ഇതിന്റെ ഉപയോഗം മൈഗ്രയിൻ, നീരിറക്കം, സൈനസൈറ്റിസ്, തലവേദന തുടങ്ങി പലപ്രശ്നങ്ങൾക്കും പരിഹാരമാകും. തലമുടി വളരാനും മുടികൊഴിച്ചിൽ നിൽക്കാനും അകാലനര ഒഴിവാകാനുമൊക്കെ എണ്ണ ഫലപ്രദമാണ്.

 

 

എണ്ണ പകുതി മൂപ്പാകുന്നതുവരെ കാച്ചിയ ശേഷം നിർത്തിവെച്ച് പിറ്റേദിവസം വീണ്ടും കാച്ചി പൂർത്തിയാക്കുന്നത് എണ്ണയുടെ ഗുണം കൂട്ടും എന്ന് അറിവുള്ളവർ പറയുന്നു. അത്പോലെത്തന്നെ ചേരുവകളെല്ലാം ചേർത്ത ശേഷം നാലഞ്ചുദിവസം നല്ല വെയിലത്ത് വെച്ച് സൂര്യസ്ഫുടം ചെയ്ത ശേഷം എണ്ണ അടുപ്പത്ത് വെച്ച് കാച്ചുന്നത് ഏറ്റവും ഉത്തമമായ രീതിയുമാണ്.

 

കടപ്പാട് : രാധാകൃഷ്ണന്‍ സൌദിഅറേബ്യ - വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്. 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL